മനസ്സില്‍ വിങ്ങി പൊട്ടുന്ന അക്ഷര കൂട്ടങ്ങള്‍ ഞാനൊരു സ്വകാര്യ പുസ്തകമായ് ഇവിടെ കുറിക്കുന്നു.. കൂടുതല്‍ വായിക്കാന്‍ എന്റെ മറ്റൊരു ബ്ലോഗ് മിഴിനീര്‍
സാബി ബാവ

നിഴല്‍ പൂവ്
നിഴലുകള്‍ക്ക് എപ്പോഴും അല്പായുസ്സേ ഉള്ളു. എന്തേ ഞാനും ഒരു നിഴല്‍ പൂവായി വിടരാതിരുന്നത്.
ഏകാന്തമായ രാത്രികളില്‍ എന്നെ ഞാനെപ്പോഴും ശപിക്കാരുണ്ട്, മനസ് എപ്പോഴും ഒരുറച്ച കല്ലുപോലെ ആയിരുന്നെങ്കില്‍..!
മനസിനെ തുറന്ന് എപ്പോഴും കഴുകാന്‍ കഴിഞ്ഞെങ്കില്‍...!
മനുഷ്യനായാല്‍ അല്പം എങ്കിലും തന്നെ കുറിച്ച് ചിന്തിക്കണം. അതെ ശരിതന്നെ, അതിനു കഴിയാത്ത എന്നെ പോലെയുള്ളവര്‍ മണ്ടികള്‍ തന്നെ.
പന്തലിച്ച് നില്‍ക്കുന്ന വട വൃക്ഷം പോലെ മോഹങ്ങള്‍, അതിന്റെ അനാവശ്യ ചില്ലകള്‍ ഓരോന്നും വെട്ടിയൊതുക്കി മുന്നോട്ടു വളരാനുള്ള കൊമ്പുകള്‍ മാത്രം ബാക്കിയാക്കി ഞാനതിനു മുകളിലേക്ക് നോക്കി. ഇല്ല വലിയ ഉയരം കാണുന്നില്ല. എങ്കിലും ഉയരത്തിലെക്ക് എത്തിപിടിക്കണം. കുടുംബം, അതിന് തിളക്കം കൂട്ടണം.
നാടും വീടും വീട്ടുകാരും ഉപേക്ഷിച്ച ശേഷം കണ്ണ് നനവുമാറിയ രാത്രികള്‍ എന്നില്‍ ഉണ്ടായിട്ടില്ല. ഒരുപാട് ആലോചിച്ചു, ചെയ്ത തെറ്റുകള്‍ അറിഞ്ഞിരുന്നെങ്കില്‍ മാപ്പ് പറയാമായിരുന്നു. ഇലാഹീ കൊലപ്പുള്ളിക്കും ഇല്ലേ അവസാനമായെങ്കിലും ഒരു നിമിഷം. ഉണ്ടാവുമായിരിക്കും. ഞാനും കാത്തിരിക്കുന്നു.
മരുഭൂമിയുടെ വിരിമാറില്‍ ജീവിതത്തെ വെല്ലുവിളിച്ചു. അതിനു തുണയായി ദൈവം എപ്പോഴും കൂട്ട് നിന്നു. വിജയങ്ങള്‍ കൈവന്നു. ഇന്ന് ഞാനീ തിളങ്ങുന്ന ചില്ലുമണികള്‍ കൊണ്ട് മാലകള്‍ ഉണ്ടാക്കി വിപണിയെ കയ്യടക്കാന്‍ പഠിച്ചു, വരുമാനം കണ്ടെത്തി. സീറോയില്‍ നിന്നും തന്നെ.
സ്വഭാവത്തിന് വലിയ മാറ്റം വരുത്തി. അഹങ്കാരവും അവിവേകവും കള്ളവും അപ്പാടെ എടുത്തു കളഞ്ഞു. നല്ല കൂട്ടുകാരുടെ നിര്‍ദേശവും സ്നേഹവും കൂട്ടായി മുന്നോട്ടു നടന്നു. വഴിയരികിലെ കാടുകള്‍ വെട്ടിമാറ്റി വീണ്ടും മുന്നോട്ട്..
രാത്രികളും പകലുകളും അറിയാതെ ദിവസങ്ങളും മാസങ്ങളും നീങ്ങി. അതിനിടയില്‍ പവിത്രമായ പല കൂട്ടു കെട്ടുകളും ഇടിഞ്ഞു വീണു. അപ്പോഴും ചിരിക്കാനെ തോന്നിയുള്ളൂ. ഞാന്‍ എന്താണ് ? അതെ അതെപ്പോഴും മനസ്സിനോട് പറഞ്ഞു പഠിപ്പിച്ചു.
കണ്ടാലും കൊതിതീരാതെ മതിവരുവോളം സ്നേഹിച്ചു വീര്‍പ്പു മുട്ടിക്കുന്ന പ്രാണപ്രിയൻ. ആ കണ്ണുകളിലെ തുള്ളിമീനായി എന്റെ വാടിയ കണ്ണുകള്‍ പിടഞ്ഞു. അപ്പോഴും ചുണ്ടുകളില്‍ വാടിയ ഒരു ചെറുപുഞ്ചിരി എന്റെ പ്രിയന് വേണ്ടി ഞാന്‍ കരുതിയിരുന്നു. വേദനകള്‍ എന്നും കൂടെ നിന്നു കൊഞ്ഞനം കുത്തുമ്പോള്‍ നിറയുന്ന കണ്ണുകളെ ചീത്ത വിളിക്കുന്ന മനസിനോട് എനിക്ക് അല്പം ബഹുമാനം തോന്നി. എല്ലാം മനസിന്റെ മണിച്ചെപ്പില്‍ കിടന്നു വെന്തുരുകുമ്പോഴും നിറമുള്ള മുത്തുമണികള്‍ എനിക്ക് വഴിവെളിച്ചം നല്‍കികൊണ്ടിരുന്നു. അതുകൊണ്ടുതന്നെ ഇടയ്ക്കിടയ്ക്ക് വരുന്ന വിഷമങ്ങള്‍ ചില്ലുഗാസുകള്‍ പോലെ പൊടിഞ്ഞു വീഴും. എന്നിരുന്നാലും മനസിനെ വേട്ടയാടുന്ന ഒരേയൊരു വേദന തന്റെ നെഞ്ചില്‍ കിടന്നു നീറിപുകഞ്ഞു. ഇല്ല അറിയേണ്ട ആരും അവ.
ഇവിടുത്തെ അവധികാലം കഴിഞ്ഞു മടങ്ങേണ്ടാവരല്ലേ നാമെല്ലാം. ഇവിടെ തന്നെ ജീവിക്കണമെന്ന് എന്തിനു വാശി പിടിക്കണം. ഇവിടെ എന്ത് നേട്ടം, എന്ത് ലാഭം. നേട്ടമുള്ളത് അവിടെയല്ലേ..! ജീവിക്കാനുള്ള വ്യഗ്രത ഇല്ലെങ്കിൽ സങ്കടങ്ങളില്ല ദുഖങ്ങളില്ല. പിന്നെന്തിനു നാം ഭയക്കുന്നു. വെളുത്ത പുതപ്പണിഞ്ഞ് മണ്ണിന്റെ മാറിലേക്ക്‌ ചാര്‍ത്തുമ്പോള്‍ നമ്മില്‍ നിന്നും പറന്നകലുന്ന ആത്മാവ് സ്വര്‍ഗത്തിലേക്ക്.. അവിടേയും പ്രവേശനം നിഷിധമാകാതിരുന്നെങ്കില്‍..!!

ഇലാഹീ.....
ചിന്തകള്‍ എന്നെ എന്നും നിന്നിലേക്ക്‌ വലിച്ചിഴക്കുന്നു. എന്നാവും ആ സമയം, എല്ലാത്തില്‍ നിന്നും ഒരു വിടവാങ്ങല്‍. തയ്യാറെടുപ്പുകളെല്ലാം നീ തരുന്നുണ്ട്, ഞാന്‍ സ്വീകരിക്കുന്നു സന്തോഷത്തോടെ. എല്ലാം അറിഞ്ഞുകൊണ്ട് ഞാന്‍ പുഞ്ചിരിക്കുന്നു. ഇല്ല ഇനിയും ഞാന്‍ ഒരാള്‍ക്കും വെറുപ്പ്‌ നല്‍കില്ല. എന്നില്‍ നിന്നും പുറത്ത് ഒഴുകുന്നത്‌ മധുരമുള്ള സ്നേഹം മാത്രം. അതെ.!!
ഒരു പക്ഷെ ഞാനെന്ന രൂപം നിഴലിനോടൊപ്പം നിലത്താകുംമ്പോഴാകാം മറ്റുള്ളവര്‍ എന്നെ തിരിച്ചറിയുക. ശേഷം അനേകം കണ്ണുകളില്‍ നിന്നും പൊടിഞ്ഞു വീഴുന്ന മിഴിനീര്‍ എന്നെ തിരിച്ചറിഞ്ഞു എന്ന് വിളിച്ചു പറയും ഞാൻ. അപ്പോഴും പുഞ്ചിരിക്കാന്‍ ഞാൻ മറക്കാതിരുന്നെങ്കില്‍