മനസ്സില്‍ വിങ്ങി പൊട്ടുന്ന അക്ഷര കൂട്ടങ്ങള്‍ ഞാനൊരു സ്വകാര്യ പുസ്തകമായ് ഇവിടെ കുറിക്കുന്നു.. കൂടുതല്‍ വായിക്കാന്‍ എന്റെ മറ്റൊരു ബ്ലോഗ് മിഴിനീര്‍
സാബി ബാവ
രാത്രിയുടെ ഏകാന്തതയില്‍ പോലും കാതുകളെ തുളച്ചെത്തുന്ന തീവണ്ടിയുടെ ശബ്ദം ആ
ഉമ്മയുടെ മനസ്സില്‍ നെടുവീര്‍പ്പുകള്‍ സമ്മാനിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂത്ത മകന്‍ ബീരാന് മദ്രസയില്‍ പോകാന്‍ സ്ലൈറ്റും പെന്‍സിലും വാങ്ങാന്‍ പോയതാണ് ബീരാന്റെ ബാപ്പ.
കഞ്ഞിക്ക് വകയില്ലാത്ത ദിനരാത്രങ്ങള്‍. വീടിന്റെ പിറക് വശത്തിലൂടെ നീണ്ടു പോകുന്ന റെയില്‍പാളം. കുഞ്ഞു പ്രായമുള്ള കുട്ടികളെ നോക്കാന്‍ ഒരുപാട് കഷ്ട്ടപെട്ട മാതാവ്.
മാസങ്ങളും വര്‍ഷങ്ങളും നീങ്ങി ബീരാന്‍ ജോലിക്ക് പോകാന്‍ തുടങ്ങി. ബീരാന്റെ ബാപ്പ ഇനി ഒരിക്കലും തിരിച്ച് വരില്ലെന്ന് നാട്ടുകാരുടെ പക്ഷം. എങ്കിലും ഓരോ നിമിഷവും പ്രാര്‍ഥനയോടെ ആ ഉമ്മ കാത്തിരുന്നു.
അന്നൊരു വൈകുന്നേരം. ജോലി കഴിഞ്ഞെത്തുന്ന ബീരാന്റെ കയ്യില്‍ കുഞ്ഞനിയത്തിക്കുള്ള കുപ്പിവളകള്‍ കണ്ട് ഉമ്മ പറഞ്ഞു.
"മോനെ ബീരാനെ അവള്‍ക്കിനി കുപ്പിവള വാങ്ങണ്ട. ഒരുകുപ്പി ദശമൂലാരിഷ്ടം വാങ്ങി വരണം. അല്ലാതെ ഞാനെന്ത് കൊടുക്കും അവള്‍ക്ക് ന്റെ കാലത്തൊക്കെ അങ്ങനെയാ.. നിങ്ങടെ കാലം വന്നപ്പോ ബാപ്പേം പോയില്ലേ..”
ആ കണ്ണുകള്‍ ആര്‍ദ്രമായി.
"അതെന്തിനാ ഉമ്മ അവള്‍ക്കിപ്പോ അരിഷ്ടം”
ബീരാന്‍റെ അത്ഭുതം നിറഞ്ഞ ചോദ്യം കേട്ട് ഉമ്മ പറഞ്ഞു .
"ഓളും വലുതായി മോനെ.. ഇനിയിപ്പോ മുതല് ഉമ്മാന്റെ മനസ്സ് ആധിയാ. ഓള്‍ക്കിപ്പോ പതിനാലു തികഞ്ഞു. അന്റെ ബാപ്പ ഉണ്ടായിരുന്നെങ്കില്‍...”
നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ തുടച്ച് ബീരാന്‍ ഉമ്മയോട് പറഞ്ഞു .
“ഉമ്മാ വിഷമിക്കാതെ... എല്ലാത്തിനും പരിഹാരം ഉണ്ടാകും”
ഇതെല്ലാം കേട്ട് വാതില്‍ കോണില്‍ മറഞ്ഞ് നിന്ന ലൈലയെ കണ്ട് ബീരാന്‍ അവളുടെ അടുത്ത് ചെന്ന് മാറോട് ചേര്‍ത്ത് പറഞ്ഞു.
"നീ ഉപ്പയില്ലാത്ത കുട്ടിയല്ല. നിനക്ക് ഇക്കയുണ്ടല്ലോ”
ഇതുകേട്ട അവളുടെ കണ്‍ പീലികള്‍ നിറഞ്ഞൊഴുകി. അവള്‍ ഇക്കയോട് പറഞ്ഞു.
"എന്നാലും ഇക്കാക്കാ നമ്മുടെ ഉപ്പ എങ്ങോട്ട് പോയി കാണും”
ബീരാന്‍ അവളുടെ വാക്കുകള്‍ക്ക് മറുപടി പറയാതെ തിരിഞ്ഞ് ഉമ്മയിലേക്ക് നോക്കുമ്പോള്‍ ദൂരെ നിന്നും ചൂളം വിളിച്ചെത്തുന്ന തീവണ്ടിയിലേക്ക് നോക്കി അപ്പോഴും ആ ഉമ്മ കാത്തിരുന്നു.
എന്നെങ്കിലും ഈപടി കടന്ന് വരുന്ന ബീരാന്റെ ബാപ്പാക്ക് വേണ്ടി...
·
കഥ